ആമ്പൽപൂവ്‌ വിരിയും നേരം

നോവൽ - ആമ്പൽപൂവ്‌ വിരിയും നേരം.

ഭാഗം 1

മോൾക്ക്‌ ചെറുതായി പനിക്കുന്നുണ്ട്,അതിന്റെ വാശി ആണെന്ന് തോനുന്നു അവൾക്ക്. എന്റെ ദേഹത്ത് നിന്നും മാറുന്നില്ല, മൂക്കടപ്പ് ഉള്ളത് കൊണ്ട് കിടത്തിയാൽ ഉറങ്ങാനും പറ്റുന്നില്ല പാവത്തിന്.വിജയേട്ടൻ നേരത്തെ വരാമെന്ന് പറഞ്ഞിട്ടുണ്ട് മോളെ ഹോസ്പിറ്റലിൽ കൊണ്ട് പോകണം. ജോലികൾ കുറച്ചു തീർക്കാനുണ്ട്, ഒന്നും ചെയ്യാനും  തോന്നുന്നില്ല..  ഒരുവിധത്തിൽ അറിയാവുന്ന പാട്ടൊക്കെ പാടി അവളെ ഉറക്കി,തുണി നനച്ചു നെറ്റിയിൽ ഇട്ടു കൊടുക്കാമെന്നു വച്ചാൽ അതുമതി ചിലപ്പോൾ അവൾ ഉണരാൻ. അത് കൊണ്ട് ആ ശ്രമം ഉപേക്ഷിച്ചു,പതുക്കെ അവളോട്‌ ചേർന്ന് കിടന്നു.അവളുടെ ഒരു കാൽ എടുത്തു എന്റെ ദേഹത്ത് വച്ചു, അങ്ങനെ ആണ് അവളുടെ കിടപ്പ്. വിജയേട്ടൻ ശീലിപ്പിച്ചതാണ് ഇത്.
ഇനി എന്തായാലും അവൾ ഉണരും വരെ ഞാനും ഇങ്ങനെ കിടക്കാം. ഫോണ്‍ സൈലന്റ് മോഡിൽ നിന്നും മാറ്റി ഇട്ടു,വിജയേട്ടൻ ഇടയ്ക്കു ഇടയ്ക്കു വിളിച്ചു ചോദിക്കും മോളുടെ കാര്യം ഞങ്ങളുടെ  കാര്യത്തിൽ  ആള്ക്ക്  വലിയ ശ്രദ്ധയാണ്.ഭർത്താവായിട്ടല്ല സുഹൃത്തായി കാണാൻ ആണ് അദ്ദേഹം പറയാറുള്ളത്, ചില സമയത്ത് ഇത്തരത്തിൽ ഒരു ആളെ ലഭിക്കാനുള്ള ഭാഗ്യം എനിക്കുണ്ടായിരുന്നോ എന്ന് ചിന്തിക്കും. കാരണം ജീവിതത്തിന്റെ പ്രധാന വഴിത്തിരുവിൽ നില്ക്കുന്ന സമയത്ത് ഇനി ഒരു പുരുഷനും എന്റെ ജീവിതത്തിൽ ഞാൻ സ്നേഹിക്കില്ല വിശ്വസിക്കില്ല എന്ന നിലപാടിൽ നിൽക്കുമ്പോൾ ആയിരുന്നു വിജയേട്ടന്റെ രംഗപ്രവേശം. ഒരിക്കലും അദ്ദേഹത്തിന്റെ ഇഷ്ട്ടങ്ങൾ എന്റെമേൽ അടിച്ചേൽപ്പിക്കാൻ ശ്രമിച്ചിട്ടില്ല.തെറ്റുകൾ ചൂണ്ടി കാണിക്കും എന്നല്ലാതെ എന്റെ തീരുമാനങ്ങൾക്ക് ഒരു എതിരും പറയാറില്ല.വല്ലപ്പോഴും വഴക്ക് പറയുന്നത് എന്റെ അലസത കാണുമ്പോൾ ആണ്,എഴുതാനും വായിക്കാനും ഉള്ള എല്ലാ അവസരങ്ങളും ഏട്ടൻ ചെയ്തു തന്നിട്ടുണ്ട്,കൂടാതെ മരുന്ന് കഴിക്കാൻ മറക്കുമ്പോഴും വ്യായാമം ചെയ്യാൻ  മടി കാണിക്കുമ്പോഴും  ആണ് പിണങ്ങുന്നത്, ഏട്ടൻ പറയുന്നപോലെ നമ്മൾ ഒന്നും ആഗ്രഹിച്ചിട്ടും വിഷമിച്ചിട്ടും കാര്യമില്ല നമ്മുടെ കാര്യം എല്ലാം ദൈവം നേരത്തെ തീരുമാനിച്ചിട്ടുണ്ട്, അത് അങ്ങനെയേ നടക്കൂ.എന്റെ അനുഭവത്തിൽ അത് വളരെ ശരിയാണ്.എത്ര സന്തോഷത്തോടെ മുന്നോട്ടു പോയാലും ഇടയ്ക്കു ഒന്ന് തിരിഞ്ഞു നോക്കുന്നത് നല്ലതാണ് അങ്ങനെയെങ്കില ഞാനും ഒന്ന് പോയിട്ട് വരാം ആ ബാല്യ കൗമാരകാലങ്ങളിലൂടെ,....

 ഭാഗം 2

3/26/1982 നു രാവിലെ 6.30 നു ആയിരുന്നു എന്റെ ജനനം. അന്നും ഇന്നും ആര്ക്കും ഒരു ശല്യവും ഞാൻ ഉണ്ടാക്കാറില്ല. അതായത് കുഞ്ഞായിരുന്നപ്പോൾ ഞാൻ എപ്പോഴും ഉറക്കം തന്നെ ആയിരുന്നു അത്രേ. രാവും പകലും ഉറക്കം തന്നെ ഉറക്കം. അങ്ങനെ ഉറങ്ങി ഉറങ്ങി ഒരു ദിവസം ഞാൻ അമ്മ തട്ടി വിളിച്ചിട്ടും ഞാൻ ഉണരാൻ മടി കാണിച്ചു, എല്ലാരും ഒന്ന് പേടിച്ചു അവര് എന്നെയും പൊക്കി അടുത്തുള്ള ഒരു ഹോസ്പിറ്റലിൽ  കൊണ്ട് പോയി. അവിടുത്തെ ഡോക്ടർ എന്നെ രണ്ടു കാലിലും തൂക്കി പിടിച്ചു ബെഡിലേക്ക് ഇട്ടു, വീഴ്ചയുടെ വേദന ആണോ ആവോ അതോ ഉറക്കം നഷ്ട്ടപ്പെട്ടതിലുള്ള വിഷമം ആണോ ആവോ ആ സമയത്ത് ഞാൻ ഉറക്കെ  കരഞ്ഞു. എല്ലാവരും ഹാപ്പി. പിന്നെ അമ്മയുടെ വീട്ടില് ആയിരുന്നു ജീവിതത്തിന്റെ ഏറിയ പങ്കും. അവിടെ മുത്തശ്ശനും, അമ്മാവനും അമ്മായിയും രണ്ടു ചിറ്റമാരും ചേർന്ന്  എന്നെ അങ്ങ് കൊഞ്ചിച്ചു വഷളാക്കി,രണ്ടര വയസ്സിൽ എന്നെ അങ്ങ് ഏറ്റെടുത്തു അവർ.കാതുകുത്താൻ അമ്മാവന സമ്മതിക്കില്ലായിരുന്നു, ഞാൻ കരയുന്നത് വിഷമം ആണത്രേ അതുപോലെ ജനന മുടി കളയാനും സമ്മതിക്കില്ല.ഒടുവില അമ്മാവൻ പരാജയപ്പെട്ടു* പെണ്‍കുട്ടികൾ പൊന്നും മിന്നും അണിഞ്ഞു നടക്കണം എന്ന് വീട്ടിലെ കാർന്നോമ്മാർ പറഞ്ഞതോടെ കാതുകുത്ത്‌ നടന്നു. അപ്പോഴല്ലേ രസം പിന്നെ അമ്മാവന് എനിക്ക് കമ്മലുകൾ വാങ്ങിതരൽ ആയിരുന്നു പണി.അമ്മാവൻ വാങ്ങിതന്ന ഇളം മഞ്ഞ നിറത്തിൽ ഉള്ള ഉടുപ്പ് എനിക്ക് ഇന്നും ഓർമയുണ്ട്,
അങ്ങനെ എന്നെ അവിടെ അടുത്തുള്ള സ്കൂളിൽ ചേര്ത്തു, ''വിദ്യാഭ്യാസം എനിക്ക് അഭ്യാസം തന്നെ ആയിരുന്നു''. അപ്പോൾ ആണ് ഒരു ദിവസം നേരം വെളുത്തപ്പോൾ എനിക്ക് തോന്നി * ഇന്ന് പല്ല് തേയ്ക്കണ്ട * എനിക്ക് വയ്യ$$...  പറ്റൂല്ലാന്ന് പറഞ്ഞാൽ പറ്റൂല്ല. അങ്ങനെ   ഞാൻ അലക്കു കല്ലിൽ കയറി ഇരുന്നു, ഞാൻ പിണക്കം കൂടുമ്പോൾ പോയി ഇരിക്കുന്ന സ്ഥലം ആണ്.ആദ്യം ചിറ്റ വന്നു.
'' സജി... വാ വന്നു പല്ല് തേയ്ക്കു. വാ ചിറ്റ തേയ്പിച്ചു   തരാം''.
ആ വാക്കുകൾ ഞാൻ കേട്ടതായിപോലും നടിച്ചില്ല.
അമ്മായിയും മുത്തശ്ശനും മാറി മാറി വിളിച്ചു ഒടുവിൽ അമ്മാവനും ഉമിക്കരിയുമായി വന്നു.
എവിടെ അത്കൊണ്ടൊന്നും ഞാൻ നന്നായില്ല. ഇതെല്ലാം കണ്ടുകൊണ്ടു ദേശാഭിമാനി പത്രം വായിച്ച്കൊണ്ടിരുന്ന അച്ഛൻ വന്നു വിളിച്ചു,.. സജി നീ പല്ല് തേയ്ക്കുന്നുണ്ടോ .ആ ചോദ്യവും ഞാൻ നിഷേധിച്ചു.പിന്നെ ഞാൻ തിരിഞ്ഞുനോക്കുമ്പോൾ അതാ അച്ഛൻ മൈലാഞ്ചിയുടെ  വടി ഒരെണ്ണം വെട്ടികൊണ്ടുവരുന്നു.
       ഓടണോ വേണ്ടയോ?
ഓടിയാൽ മാനം പോവില്ലേ,.. ഇത്രനേരം പിടിച്ച വാശിയും കുളമാകും,രണ്ടും കൽപിച്ചു മുഖം വീർപിച്ചു അങ്ങനെ ഇരുന്നു. അലക്കുകല്ലിൽ നില്ലും വലിച്ചു താഴെ ഇറക്കി പടേ പടേന്ന് രണ്ടു കിട്ടി,..പിന്നെ ഞാൻ നോക്കുമ്പോൾ വോളിബോൾ  കോർട്ടിലെ പന്ത് പോലെ എന്നെ എല്ലാവരും തൂക്കി എടുത്തോണ്ട് ഓടുന്നു,കാരണം അച്ഛന്റെ അടിയിൽ നിന്നും എന്നെ രക്ഷപ്പെടുത്തിയതാ. അച്ഛന്റെ കയ്യൽ നിന്നും വാങ്ങിയ ആദ്യത്തെയും അവസാനത്തെയും അടി ആയിരുന്നു അത്.
അഞ്ചാം ക്ലാസിൽ പഠിക്കുന്നത്  വരെ കിടക്കപായയിൽ മൂത്രം ഒഴിക്കുന്ന സ്വഭാവം ഉണ്ടായിരുന്ന.അച്ഛന്റെ വീട്ടുകാരുമായി അടുപ്പം വളരെ കുറവായിരുന്നു എന്നുതന്നെ പറയാം. ഏതെങ്കിലും ഉത്സവ ദിനങ്ങളില്‍ മാത്രം ഒരു സന്ദര്‍ശനം.
 കുറച്ചു കൂടി വലുതായപ്പോള്‍ കാവില്‍ വിളക്ക് വയ്ക്കേണ്ടതും, സന്ധ്യാനാമം ചോല്ലേണ്ടതും എന്റെ ജോലി ആയി. മുത്തശ്ശന് കുറെ കഥകള്‍ അറിയാം, അവ എല്ലാം പറഞ്ഞുതരും.ഒന്നും മനസ്സില്‍ ആവാത്ത കുറെ പുസ്തകങ്ങള്‍ ആയിരുന്നു അന്ന് വായിച്ചിരുന്നത്, അമ്മാവന്റെ ആയിരുന്നു അതെല്ലാം.

ഭാഗം 3

ഏഴാം തരത്തിലേക്ക് ജയിച്ചതോടെ അച്ഛന്റെ വീടിനു അടുത്തുള സ്കൂളില്‍ ചേര്‍ത്തു. പുതിയ അന്തരീക്ഷം, പുതിയ കൂട്ടുകാര്‍....''സ സു ശ്രീ'' ഇതാണ് ഞങ്ങള്‍ സുമിയും ശ്രീജയും ഞാനും. സ്കൂളിനു അകത്തും പുറത്തും ഞങ്ങളെ ഒരുമിച്ചേ കാണാന്‍ സാധിക്കൂ. ജീവിതത്തിലെ സുന്ദര നിമിഷങ്ങള്‍ അതായിരുന്നു.
ഞങ്ങളുടെ വീടിനു അടുത്തു ഒരു ക്ഷേത്രമുണ്ട് അതിനടുത്താണ് ഞങ്ങള്‍ മൂന്നുപേരും ട്യുഷന് പോയിരുന്നത്.ട്യുഷന്‍ കഴിഞ്ഞു അമ്പലത്തിലെ മതില്‍ ചാടി അവിടുന്ന് പുളിയും മാങ്ങയും പറിച്ചു അവിടെ ഇരുന്നു വര്‍ത്തമാനം പറഞ്ഞിരിക്കും, കുറെ കഴിയുമ്പോള്‍ ട്യുഷന്‍ ചേച്ചി ഞങ്ങളെ കല്ല്‌ എടുത്തെറിയും വീട്ടില്‍ പോ പിള്ളാരെ എന്ന് പറഞ്ഞു.അപ്പോള്‍ അവിടുന്ന് മുങ്ങി സുമിയുടെ വീടിനു അടുത്തുള്ള പറമ്പില്‍ പോയി ഇരിക്കും, അവിടുന്ന് ജാതിക്ക മോഷ്ടടിക്കും.സ്കൂളില്‍ ഒരുപാട് ആണ്‍ കുട്ടികളുടെ ആരാധികയായിരുന്നു ഞാന്‍. കലോത്സവങ്ങളില്‍ എല്ലാ വിഭാഗത്തിനും പങ്കെടുക്കും, പത്താം ക്ലാസ് കഴിഞ്ഞതോടെ ഉപരി പഠനത്തിനു കോളേജില്‍ ചേര്‍ന്നതോടെ ഞങ്ങള്‍ മൂന്നും മൂന്നു വഴി ആയി, പക്ഷെ ഒരു ദിവസം പോലും കാണാതിരുന്നിട്ടില്ല. വീട്ടില്‍ ഞങ്ങള്‍ ഒത്തു ചേര്‍ന്ന് പിരിയുമ്പോള്‍ അച്ഛന്‍ പറയും  ഹോ !! ഒരു മഴ പെയ്തു തോര്‍ന്ന പോലെ എന്ന്,..... അതായിരുന്നു ഞങ്ങള്‍. കാലം പുരോഗമിക്കെ എല്ലാവരും അവരവരുടെ പ്രണയവുമായി മുന്നോട്ടു പോയി

ഭാഗം 4

അതിനിടയില്‍ പ്രീ ഡിഗ്രി കഴിഞ്ഞു നിയമ പഠനത്തിനു ചേരാനായിരുന്നു താല്‍പ്പര്യം, അത് നീണ്ട അഞ്ചു വര്ഷം ഇല്ലേ അതിനു വേണ്ടി ഒരു തയ്യാറെടുപ്പ് എടുക്കാന്‍ ഒരു വര്ഷം കാലതാമസം എടുത്തു, ആ ഇടവേളയില്‍ അല്‍പ്പം കംബ്യുട്ടര്‍ പഠനവും നടത്തി. സ്കൂളില്‍ പഠിക്കുമ്പോള്‍ പനി വരാന്‍ ഒരുപാട് ആഗ്രഹിച്ചിരുന്നു, കാരണം ആ സമയം അവധി എടുക്കാമല്ലോ,...ഒരു പനിപോലും വരാതിരുന്ന എനിക്ക് ആ ഇടയ്ക്കു വല്ലാതെ ക്ഷീണം അനുഭവപ്പെടുമായിരുന്ന. ഒരുദിവസം രാവിലെ എണീറ്റപ്പോള്‍ കാലില്‍ വല്ലാതെ നീരും വേദനയും. ഇനിയും വചോണ്ടിരുന്നാല്‍ ശരിയാവില്ല, അടുത്തുള്ള ഒരു ഹോസ്പിറ്റലില്‍ പോയി,ടെസ്റ്റുകള്‍ എല്ലാം നടത്തിയപ്പോള്‍ അവര് പറഞ്ഞു സന്ധിവാതം ആണ് . തുടക്കം ആണ് ആയുര്‍വേദത്തില്‍ ഇതിനു നല്ല ചികിത്സയുണ്ട് എന്ന്,അങ്ങനെ അന്നുമുതല്‍ ഗോപി ഡോക്ടറുടെ കീഴില്‍ ചികിത്സ ആരംഭിച്ചു. സദാസമയവും ഒരേ വേദന, ഉറക്കമില്ലാത്ത രാത്രികള്‍. എങ്കിലും ഞാന്‍ ചിരിക്കും കാരണം എന്റെ മുഖം വാടിയാല്‍ സങ്കടപ്പെടുന്ന ഒരുപാട് പേര്‍ക്കുവേണ്ടി. ചിട്ടയായ ചികിത്സ പുരോഗമിക്കവേ അസുഖവും മാറി. ഒരിക്കല്‍ അനിയന്റെ സുഹൃത്ത് മനോജ്‌ ഏട്ടന്‍ ബ്ലോഗിങ് എന്നതിനെ കുറിച്ച് ഒരു ക്ലാസ് നടത്തി, ആ ക്ലാസ്  എന്റെ ജീവിതത്തിലെ മറ്റൊരു പുതിയ തുടക്കമായിരുന്നു. കുറെ നാള്‍ അവിടെ പഠിക്കാന്‍ പോയി, ജീവിക്കാന്‍ ഒരു ധൈര്യം അവിടുന്നും കിട്ടി. പിന്നെയും കുറച്ചു കഴിയുമ്പോള്‍ വീണ്ടും ചികിത്സ .
അപ്പോഴേക്കും ഞാന്‍ ഡോക്ടറുടെയും കുടുംബത്തിന്റെയു വേണ്ടപ്പെട്ട ആളായി മാറി.മാസങ്ങളോളം ചികിത്സ ഉള്ളതിനാല്‍ അവിടം എനിക്ക് സ്വന്തം വീടുപോലെ ആയിരുന്നു. എനിക്കുവേണ്ടി ഇന്ടര്നെട്റ്റ് സൗകര്യം ചെയ്തു തന്നു. അതോടെ പണ്ട് കാര്യമായി എടുക്കാതിരുന്ന സാഹിത്യം പുറത്തെടുത്ത.സൈബര്‍ ലോകത്ത് കുറെ പുതിയ കൂട്ടുകാര്‍,.. അങ്ങനെ ജീവിതം മുന്നോട്ടു പോകുമ്പോള്‍ ഒരു ദിവസം .........

ഭാഗം 5

2012 may 15 വൈകുന്നേരം മൂന്നുമണി ഫേസ്ബുക്കില്‍  കൂട്ടുകാരന്‍ ടിനുമോന്‍, എന്‍ എന്‍ കക്കാടിന്റെ സഫലമീയാത്ര ... പോസ്റ്റ്‌ ചെയ്തു. അതില്‍ എനിക്കിഷ്ട്ടപ്പെട്ട ചില വരികള്‍ ഞാന്‍ വീണ്ടും കമന്റ്‌ ഇട്ടു. അത് ആരൊക്കയോ ലൈക്‌ ചയ്യുക വഴി പുതിയ സൗഹൃദങ്ങള്‍ ആരംഭിച്ചു.6 മിനിട്ടുകള്‍ക്ക് ശേഷം ചാറ്റില്‍ ഒരു 'ഹായ്' .... തിരികെ ഒരു ഹായ് കൊടുത്തു പുറകെ വരുന്നു അടുത്ത ചോദ്യം
പ്രോപ്പര്‍ പ്ലൈസ് എവിടെയാ ?
ആലുവ അടുത്തു ചെങ്ങമനാട്. ഞാന്‍ പറഞ്ഞു.
എന്തുചെയ്യുന്നു ?
ഒരു ഹോസ്പിറ്റലില്‍ ആണ് .
എന്തായിട്ടു ?
ഒരു ചെറിയ അസുഖം ഉണ്ടായിരുന്നു, ഇപ്പോള്‍ അസുഖം മാറി, അപ്പോള്‍ ഇവിടെ ചെറിയ ജോലി ചെയ്യുന്നു. ഏട്ടനോ ?
ഞാന്‍ കെ എസ് ഇ ബി യില്‍ ആണ്.
വീട്ടില്‍ ആരെല്ലാം ഉണ്ട് ? ഞാന്‍ ചോദിച്ചു ?
അമ്മയും രണ്ടു ചേച്ചിമാരും ഉണ്ട്.കുട്ടി ഏതുവരെ പഠിച്ചു ?
പ്രീഡിഗ്രീ ഞാന്‍ പറഞ്ഞു
കല്യാണം ഒന്നും ആയില്ലേ ?പുതിയ സുഹൃത്തിന്റെ ചോദ്യം
ഏയ് ഇല്ല എന്ന് ഞാന്‍.
ജാതകം ഒക്കെ നോക്കാറുണ്ടോ ? പ്രൊഫൈലില്‍ ജനനത്തിയതി കണ്ടു അപ്പോള്‍ വിവാഹപ്രായം അതിക്രമിച്ചു എന്ന് തോന്നി , അതാ ചോദിച്ചത്
ഏയ് അതൊന്നും അല്ല ,... ഞാന്‍ പറഞ്ഞു ഏട്ടന്‍ എന്തെ വൈകിയത് ?
അതു അങ്ങനെ വൈകിപ്പോയി
കുട്ടി വെജിറ്റെറിയന്‍ ആണോ ?
അതെ
ചോദിക്കാന്‍ പാടില്ല ന്നാലും ചോദിക്കുവാ കാസ്റ്റ് ഏതാണ് ?
ഹിന്ദു വിശ്വകര്‍മ . ഞാന്‍ പറഞ്ഞു
ശരി ജോലി കഴിഞ്ഞു ഞാന്‍ ഇറങ്ങുന്നു, വിരോധം ഇലെങ്കില്‍ ഫോണ്‍ നമ്പര്‍ തരൂ വിളിക്കാം
.
അങ്ങനെ നമ്പര്‍ കൊടുത്തു  സമയം അഞ്ജു മണിയോട്  അടുക്കുന്നു, ഹോസ്പിറ്റലില്‍ കുറെ ഔഷധ സസ്യങ്ങള്‍ ഉണ്ടായിരുന്നു അവക്കെല്ലാം വെള്ളം ഒഴിക്കുന്നത് ഞാനായിരുന്നു. ആ ഏട്ടന്‍ വിളിക്കാം എന്ന് പറഞ്ഞിരുന്നത് കൊണ്ട് ഫോണും കയ്യിലെടുത്തു.

ഭാഗം 6

ചെടികള്‍  നനക്കാന്‍ തുടങ്ങുന്നതിനു മുന്‍പേ ഫോണ്‍ ബെല്ലടിച്ചു. ഫോണില്‍ പാട്ട് ഇട്ടിരിക്കുന്നത് കൊണ്ട്  സാധാരണ പതുക്കയേ കാള്‍ എടുക്കാറുള്ളൂ.

ഹലോ ......... ഞാന്‍ വളരെ ഒതുക്കത്തോടെ ഫോണ്‍ അറ്റന്‍ഡ് ചെയ്തു
ഇത് ഏതാണ് ഈ കവിത ? ആരുടെതാണ് ഈ വരികള്‍ ? മറു തലക്കലില്‍ നിന്നും ആദ്യ ചോദ്യം

ഇത് യുവ കവി അനില്‍ കുര്യാത്തിയുടെ ഡാലിയ എന്നാ ആല്‍ബത്തിലെ വരികള്‍ ആണ് . ഞാന്‍ പറഞ്ഞു
നല്ല വരികള്‍ ,.. നീ എന്തിനെന്നില്‍ പ്രണയം നിറച്ചു .....കൊള്ളാം .  വേറെ എന്തൊക്കെ ഉണ്ട് ? ഞാന്‍ ഇപ്പോള്‍ബീച്ചിനു അടുത്തു നില്‍ക്കുകയാണ് റൂമില്‍ എത്തിയിട്ട് വിളിക്കാം.
ശരി ആയിക്കോട്ടെ ...എന്ന് പറഞ്ഞു ഞാനും ഫോണ്‍ കട്ട്‌ ചെയ്തു.സാധാരണ ഒരു പരിചയപ്പെടലിന് അപ്പുറം ഇനി ഒരു വിളി പ്രതീക്ഷിച്ചിരുന്നില്ല.
രാത്രി എട്ടുമണിയോടു അടുത്തു വീണ്ടും ആ ഏട്ടന്‍ വിളിച്ചു.
''അത്താഴം കഴിച്ചോ കുട്ടി ? എനിക്ക് ഇന്ന് കുട്ടിയുടെ വിവരങ്ങള്‍ അറിഞ്ഞപ്പോള്‍ വിളിക്കണം എന്ന് തോന്നി അതാണ്‌ വീണ്ടും വിളിച്ചത്.
      അടുത്ത ചോദ്യം ഞാന്‍ മനസ്സില്‍ ഉഹിച്ചു, വിഷമം ഉണ്ടോ ? അസുഖം വന്നതില്‍, വിഷമിക്കണ്ട ഞാന്‍ ഉണ്ടാകും കൂടെ , എന്തെങ്കിലും ആവശ്യം ഉണ്ടെങ്കില്‍ അറിയിക്കൂ. ഇതൊക്കെ ആയിരിക്കും പുതിയ കൂട്ടുകാരുടെ ചോദ്യങ്ങള്‍, പക്ഷേ ഈ ഏട്ടന്‍ അങ്ങനെ ഒന്നും ചോദിക്കുന്നില്ലല്ലോ ?

പകരം കഥകളി സംഗീതവും, ഓഫീസിലെ വിശേഷങ്ങളുമായി ഒരുദിവസം പറഞ്ഞുതീർത്തു.
 രാവിലെ 8 മണിക്ക് വീണ്ടും വിളി വന്നു.
എന്താ കുട്ടീ!!! ഇതുവരെ എണീറ്റില്ലേ? ഇത് ശരിയല്ലാട്ടോ രാവിലേ എഴുന്നേൽക്കണം എന്നാലേ ശരീരത്തിനും മനസ്സിനും ഉണർവുണ്ടാകൂ. മടിപിടിച്ചാൽ ശരിയാകില്ല. ഞാൻ ഓഫീസിൽ എത്തീട്ടൊ പിന്നെ വിളിക്കാം.
  ഫോൺ കട്ട് ആയെങ്കിലും കുറെ നേരം പിന്നെയും കിടന്നു. പിന്നെ പതിവുകളിലേക്ക്... അപ്പോഴൊന്നും പുതിയ സുഹൃത്തിനെ ഓർത്തതേയില്ല. കാരണം സൗഹൃദങ്ങൾ ഇങ്ങനെയാണ്, തുടക്കത്തിൽ ഉള്ള ഉത്സാഹവും ഒന്നും പിന്നെ ഉണ്ടാവാറില്ല. അതുകൊണ്ട് ഈ പുതിയ സുഹൃത്തിനും ആ വിലയെ നൽകിയുള്ളൂ.
  വൈകുന്നേരം ഡോക്ടറുടെ മകനും ഡോക്ടറുമായ രഞ്ജിത്ത് ഏട്ടന്റെ കൂടെ നടക്കാനിറങ്ങി. രഞ്ജിത്ത് ഏട്ടൻ നടത്തുമ്പോൾ ചെരിപ്പ് ഇടാൻ അനുവദിക്കില്ല. നടത്തം കഴിഞ്ഞു എത്തുമ്പോഴേക്കും കാലിന്റെ അടിഭാഗം പുകച്ചിൽ എടുത്തു ഒരുപരുവമാകും. ആ ക്ഷീണത്തിൽ അങ്ങനെ കിടക്കുമ്പോൾ ദാ വിളിക്കുന്നു പുതിയ സുഹൃത്ത്.

ഭാഗം 7
  പാറൂ ഞാൻ നാളെ അമ്മയെ കാണുവാൻ പോകുന്നു. 'അമ്മ ബാത്റൂമിൽ വീണു. കാലിനു ചെറിയ പരിക്കുണ്ട്.
 ങേ? പാറുവോ!!! ഇതാരാണാവോ?? ആർക്കെങ്കിലും നമ്പർ മാറിപ്പോയോ? ഞാൻ വീണ്ടും ഫോണിലേക്കു നോക്കി. ഇല്ല പുതിയ സുഹൃത്തിന്റെ തന്നെ ആ നമ്പർ.
ഹെലോ എന്താണെന്ന് ?   ഞാൻ ചോദിച്ചു
 കുട്ടീ ഞാൻ തന്നെയാ ഇത്. ഞാൻ ഇനി കുട്ടിയെ പാറു എന്നെ വിളിക്കൂ
പുതിയ സുഹൃത്താണ്.
  ശരി ആയിക്കോട്ടെ ഏട്ടാ എന്ന് ഞാനും പറഞ്ഞു.
ആദ്യമായാണ് അമ്മയെ കുറിച്ച് പറഞ്ഞത്. ഇതുവരെ വ്യക്തിപരമായ കാര്യങ്ങൾ സംസാരിച്ചിട്ടില്ല, ഞാൻ ചോദിച്ചും ഇല്ല.അമ്മയും രണ്ടു അനിയത്തിമാരും ഉണ്ടത്രേ, അവർക്കു രണ്ടു മക്കൾ വീതവും, അനിയത്തിയുടെ കൂടെയാണ് 'അമ്മ.
 പതിയെ പതിയെ സൗഹൃദത്തിന്റെ ആഴം വർദ്ധിച്ചു വന്നു. ഇപ്പോൾ വൈകുന്നേരങ്ങളിൽ ഉണ്ണിയേട്ടന്റെ ഫോൺ വിളി പ്രതീക്ഷിക്കാറുണ്ട്.
 സംസാരങ്ങളിൽ നിന്നും ഉണ്ണിയേട്ടന്റെ നാടും നാട്ടിലെ ഓരോ ഇടവഴിയും എനിക്ക് പരിചിതമായി.
പതിവ് സൗഹൃദങ്ങളിൽ നിന്നും പരിചയപ്പെട്ട മൂന്നാം നാൾ ഇപ്പൊ ഏത് വേഷമാ ഇട്ടിരിക്കുന്നെ എന്ന ചോദ്യം ഇല്ലാത്ത സൗഹൃദം. ഇടയ്ക്കിടെ ഉണ്ണിയേട്ടന്റെ സംസാരത്തിൽ നാക്ക് കുഴയാറുണ്ടായിരുന്നത് ഞാൻ ശ്രദ്ധിച്ചു. പക്ഷെ അത് ചോദ്യം ചെയ്യാനുള്ള അർഹതയോ സ്ഥാനമോ ഇല്ലല്ലോ.

ഭാഗം 8
 ഒരിക്കൽ അച്ഛന്റെ മരണത്തെ കുറിച്ചും, കുടുംബ വീടിനെ കുറിച്ചും പറഞ്ഞു. കൂട്ടുകുടുംബത്തിലെ അടുക്കളയിൽ ആയിരുന്നു അമ്മയുടെ ജീവിതമെന്നും, ഒരിക്കൽ പറമ്പിലെ അടക്ക വിറ്റ കാശിൽ നിന്നും കളവ് നടത്തിയതിനു 'അമ്മ തല്ലിയതും, അച്ഛന്റെ പറമ്പിലെ കൃഷിപ്പണിയും, അനിയത്തി കുട്ടിമാർക്കു അടക്കം അച്ഛനെ ഭയമുള്ളതും, ഒടുവിൽ ഐ എ എസ് പരീക്ഷക്ക് ഫീസ് കൊടുക്കാൻ മാറ്റി വച്ച തുക അച്ഛന്റെ ചികിത്സക്ക് ചിലവഴിച്ചതും, അനിയത്തിക്കുട്ടികളുടെ വിവാഹവും, മഞ്ചേരി കോടതിയിലേക്ക് പലിശക്കാരൻ കാണാതെ താൻ മാത്രം കണ്ടു പിടിച്ച ഇടവഴിയിലൂടെയുള്ള യാത്രയും, ഏട്ടന്റെ സംസാരത്തിൽ നിന്നും ഒരു ചലച്ചിത്രത്തിൽ എന്ന പോലെ ദൃശ്യാവിഷ്കരിച്ചു കണ്ടു ഞാൻ. എല്ലാവര്ക്കും അവരുടെ കുടുംബത്തിൽ ബുദ്ധിമുട്ടുകൾ ഉണ്ടാകും പക്ഷേ അത് സത്യസന്ധമായി മറ്റുള്ളവരെ അറിയിക്കുന്നതിൽ ജാള്യത ഇല്ലാത്തവരായിരിക്കും എളിമയുള്ള മനുഷ്യർ. അത്തരത്തിൽ ഒരു ബഹുമാനത്തിനപ്പുറത്തു ആ സൗഹൃദം പോയിരുന്നില്ല.

ഭാഗം 9
 അങ്ങനെയിരിക്കെ ഒരു ദിവസം എന്നോട് പറഞ്ഞു. ''ഞാൻ ഗുരുവായൂർക്ക് പോവാനുട്ടോ പാറൂ''  എന്ന് വിളിച്ചു പറഞ്ഞു. എല്ലാ മാസവും ഗുരുവായൂരപ്പനെ തൊഴാൻ പോവലുണ്ട്.
യാത്ര പുറപ്പെടുമ്പോൾ വിളിച്ചപ്പോൾ അദ്ദേഹം എന്തോ ടെൻഷനിൽ ആണെന്ന് തോന്നി. ഞാൻ വിശിദീകരിച്ചു ചോദിച്ചില്ല. പിന്നെ വിളിക്കുമ്പോൾ സംസാരിക്കുന്നതേ വ്യക്തമല്ല അത്രമാത്രം മദ്യപിച്ചിരുന്നു.
 ഞാൻ എത്തി സ്റ്റേഷനിൽ ഇരിക്കുന്നയാണ് അപ്പുറത്തേക്ക് നടക്കുകയാണ് എന്ന് പറഞ്ഞു.
 ''പാറു ഉറങ്ങിക്കോ നാളെ വിളിക്കാം എന്ന് പറഞ്ഞു ഉണ്ണിയേട്ടൻ ഫോൺ വച്ചു''.
ഞാനും ഫോൺ വച്ചു എങ്കിലും അൽപ്പം കഴിഞ്ഞപ്പോൾ എന്തോ ഒരു ഭയം, നന്നായി മദ്യപിച്ചിട്ടുണ്ട്, രാത്രിയും, *വേണ്ട അരുതാത്തതൊന്നും ചിന്തിക്കേണ്ട* എന്ന് മനസ്സിൽ പറഞ്ഞു ഞാൻ കിടന്നു. രാവിലെ എണീറ്റ ഉടനെ വിളിച്ചു നോക്കി, അപ്പോൾ ഫോൺ ഓഫ്, പിന്നീട് പല പ്രാവശ്യം വിളിക്കുംതോറും എന്റെ ഭയം ഇരട്ടിച്ചു.വല്ലാത്ത അസ്വസ്ഥതയായിരുന്നു എനിക്ക്.  ഉച്ചയാകും വരെ തുടരെ തുടരെ വിളിച്ചു നോക്കി. ഇല്ല ഫോൺ ഓഫ് തന്നെ.

 ഉച്ചക്ക് 2 ആയപ്പോൾ ഉണ്ണിയേട്ടൻ വിളിച്ചു,

  പാറൂ ........ ഫോൺ സ്വിച്ച് ഓഫ് ആയി പോയി ചാർജ് തീർന്നതാ. ഇപ്പൊ ഫോണിൽ നോക്കിയപ്പോൾ പാറൂന്റെ 21 മിസ്ഡ് കോളുകൾ. വിളിച്ചിട്ടു കിട്ടാതായപ്പോൾ പേടിച്ചു പോയോ?
ശരി പാറൂ ഞാൻ ഇത് ചാർജിൽ ഇടട്ടെ പിന്നെ വിളിക്കാട്ടോ.
 ഫോൺ കയ്യിൽ വച്ച് കുറച്ചു നേരം അങ്ങിനെ തന്നെ ഇരുന്നു ഞാൻ, ഇപ്പോഴാ ഒരു ആശ്വാസമായത്.
വൈകുന്നേരം ഒരു നാലുമണി ആയപ്പോൾ ഉണ്ണിയേട്ടൻ പിന്നെയും വിളിച്ചു.
 പാറൂ ഞാൻ പാറൂന്റെ നമ്പർ അമ്മക്ക് കൊടുത്തിട്ടുണ്ട് അമ്മക്ക് പാറൂനെ പരിചയപ്പെടണം എന്ന്....
ഓ അതിനെന്താ ഉണ്ണിയേട്ടാ അമ്മയോട് വിളിച്ചോളാൻ പറയൂ.
 അൽപ്പസമയം കഴിഞ്ഞപ്പോൾ അവർ വിളിച്ചു

സജിതാ ഞാൻ കുട്ടിയെ പരിചയപ്പെടാൻ വിളിച്ചതാ, അവൻ കുട്ടിയുടെ വിശേഷങ്ങൾ എല്ലാം പറഞ്ഞു. കുട്ടിയെ ഞങ്ങളുടെ കുടുംബത്തിലെ ഒരംഗം ആക്കാൻ അവനു താൽപ്പറയാം ഉണ്ട് ഞങ്ങൾക്കും സന്തോഷമേ ഉള്ളൂ, വീട്ടിൽ അച്ഛന്റെ കയ്യിൽ ഒന്ന് ഫോൺ കൊടുക്കാമോ?

 ഇതൊക്കെ കേട്ട ഞാൻ അന്തം വിട്ടു നിന്നു. ഇത്തരം ഒരു വിളിയും, കുടുംബജീവിതത്തെ കുറിച്ചോ ഞാൻ ആ നിമിഷം വരെ ചിന്തിച്ചിട്ടേ ഇല്ലായിരുന്നു. കൂട്ടുകാരികൾ അവരുടെ മക്കളെയും കൂട്ടിവരുമ്പോൾ ആ കുട്ടികളുടെ കൂടെ കളിക്കാൻ ആണ് ഇഷ്ട്ടം, ഒരിക്കൽ പോലും അവരുടെ പോലെ ഒരു കുടുംബജീവിതം തനിക്കില്ലാതെ പോയല്ലോ എന്ന് ഒന്നും ചിന്തിച്ചിട്ടില്ല, അങ്ങനെ ഇരിക്കുന്ന ഒരവസരത്തിലാണ് ഒരു സൂചന പോലും ഇല്ലാതെ പെട്ടെന്ന് ഇങ്ങനൊരു ചോദ്യം,എന്ത് മറുപിടി പറയണം എന്നറിയാതെ ഞാൻ കുഴങ്ങി.

 അയ്യോ!!! അതേ ... അമ്മേ,... എനിക്ക്....ഞാൻ വയ്യാതിരിക്കുന്ന കുട്ടിയാ സന്ധിവാതം വന്നതാ....ചികിത്സ തുടരുന്നു. ഉണ്ണിയേട്ടന് അറിയാം.
  വിക്കി വിക്കി അങ്കലാപ്പോടെ ഇത്രയും പറഞ്ഞൊപ്പിച്ചു.

ഉവ്വ്, അവൻ പറഞ്ഞു എന്നോട്, സ്വന്തം കാര്യങ്ങൾ ചെയ്യാൻ പറ്റില്ലേ, അത് മതി പിന്നെ ഞങ്ങൾ കൂടെ ഉണ്ടല്ലോ അസുഖം ഒക്കെ ആർക്കാ എപ്പോഴാ വരാൻ പാടില്ലാത്തത്, അത് സാരമില്ല. ഞങ്ങൾ ഒരു ദിവസം വരാം കുട്ടിയെ കാണാൻ.
 ആ 'അമ്മ അച്ഛനോടും സംസാരിച്ചു കാര്യം പറഞ്ഞു.

അൽപ്പം കഴിഞ്ഞപ്പോൾ ഉണ്ണിയേട്ടൻ വിളിച്ചു, ഞാൻ ചോദിച്ചു എന്താ ഇത്? എന്തിനാ അങ്ങനൊക്കെ അമ്മയെ കൊണ്ട് ചോദിപ്പിച്ചത് ?


പാറൂ,...ഇന്നുവരെ ഞാനും കുടുംബജീവിതത്തെ കുറിച്ച് ചിന്തിച്ചിരുന്നില്ല, നിന്നോടുള്ള സഹതാപം ഒന്നും അല്ല, വെറും ഒരു സുഹൃത്തിനെ കാണാതായപ്പോൾ നിന്നിലുണ്ടായ ആധി എനിക്ക് നിന്റെ മനസ്സ് കാണിച്ചു തന്നു ഗുരുവായൂരപ്പൻ, ആ മനസ്സ് മതി എനിക്ക്.

ഭാഗം 10

അവിടെ ഒരു തുടക്കമായിരുന്നു,
 പിന്നീട് ഉണ്ണിയേട്ടന്റെ ബന്ധുക്കൾ എല്ലാരും വിളിക്കും, ചുരുക്കം പറഞ്ഞാൽ ആ വീട്ടിലെ ഒരു അംഗത്തെ പോലെയായി ഞാൻ, അമ്മയോട് ചോദിച്ചറിഞ്ഞു അവരുടെ വീട്ടിലെ ചിട്ടവട്ടങ്ങൾ അറിഞ്ഞു അതിനനുസരിച്ചു മാറാൻ തുടങ്ങി ഞാനും, ഉണ്ണിയേട്ടൻ ആണെങ്കിൽ ഒരു പാക്കറ്റ് തൈര് വാങ്ങാൻ പോയാൽ പോലും ഞാൻ അറിയാറുണ്ട്. അൽപ്പം മദ്യപാനം ഉണ്ടെന്നതാണ് ഉണ്ണിയേട്ടനിൽ ഞാൻ കണ്ട ഏക കുറവ്.
 ഓണത്തിന് വീട്ടുകാർക്ക് കോടി എടുക്കുമ്പോഴും, വിശേഷങ്ങൾ പങ്കുവയ്ക്കുമ്പോഴും ജോലിസ്ഥലത്തു മാറി നിൽക്കുന്ന ഭാര്യാഭർത്താക്കന്മാരെ പോലെയായിരുന്നു ഞങ്ങൾ.

പ്രഷർ കുറയുന്ന പ്രോബ്ലം ഉണ്ടായിരുന്നു ഉണ്ണിയേട്ടന്, ഒരുദിവസം വിളിച്ചപ്പോൾ ഫോൺ എടുക്കുന്നില്ല, എന്തോ ഉള്ളിൽ വല്ലാതെ പേടി തോന്നി ജോലിസ്ഥലത്തെ മറ്റാരുടെയും നമ്പറും അറിയില്ല, അപ്പോൾ തോന്നി ഗൂഗിളിൽ പോയി അവരുടെ സെക്ഷൻ ഓഫീസിലെ നമ്പർ കണ്ടുപിടിച്ചു അവിടേക്കു വിളിച്ചു, സാറിനെ വിളിച്ചിട്ടു കിട്ടുന്നില്ല ആരെങ്കിലും ഒന്ന് റൂമിൽ പോയി നോക്കാമോന്ന്,...അവർ ചെന്ന് നോക്കിയപ്പോൾ പ്രഷർ കുറഞ്ഞു എണീക്കാൻ വയ്യാതെ കിടക്കുകയായിരുന്നു ഉണ്ണിയേട്ടൻ സംസാരിക്കാനും വയ്യാതെയായി, അവർ നാരങ്ങാവെള്ളം കലക്കി കൊടുത്ത് പുള്ളിയെ ഹോസ്പിറ്റലിൽ കൊണ്ടുപോയി.
അങ്ങനെയാണ് ഈ ടെലിപ്പത്തി എന്നൊക്കെ പറയുന്നതിൽ എന്തോകാര്യം ഉണ്ടെന്നു തോന്നിത്തുടങ്ങിയത്.


 
ഭാഗം 11

 അങ്ങനെ ഒടുവിൽ ആ ദിവസവും വന്നെത്തി,ഉണ്ണിയേട്ടനും വീട്ടുകാരും പെണ്ണുകാണാൻ വരുന്നു എന്ന്, ഒരു ചടങ്ങ് മാത്രം. അമ്മയും പെങ്ങന്മാരും അളിയന്മാരും, അമ്മാവനും അമ്മായിയും കൂടി വന്നു. ആരെയും ഒരു പരിചയക്കുറവ് തോന്നിയില്ല. എല്ലാം തീരുമാനിച്ചു ഗുരുവായൂർ വച്ച് വിവാഹം നടത്താം എന്ന് തീരുമാനിച്ചു അവർ ഇറങ്ങി.
 വൈകുന്നേരം ഉണ്ണിയേട്ടൻ വിളിച്ചു,ശബ്ദത്തിലെ മാറ്റം കൊണ്ട് എന്തോ പന്തികേട് തോന്നി...
എന്താ ഉണ്ണിയേട്ടാ എന്താ പറ്റിയേ,,,എന്തിനാ വിഷമിക്കുന്നെ എന്തായാലും പറ
 പാറൂ ....പാറൂനെ വേണ്ടാന്നാ ഇവർ പറയുന്നെ, ഈ അസുഖം മാറില്ലാന്നു, അങ്ങനെ എന്തൊക്കയോ ഇവർ പറയുന്നു ഞാൻ എന്താ ചെയ്യേണ്ടേ പാറൂ.....
ഉണ്ണിയേട്ടൻ പൊട്ടിക്കരഞ്ഞു,...അയ്യേ ഉണ്ണിയേട്ടൻ എന്തിനാ പറയുന്നെ സാരമില്ല ഉണ്ണിയേട്ടാ ..നമുക്ക് ഈ സൗഹൃദം തുടരാല്ലോ, എനിക്ക് ഒരു സങ്കടവും ഇല്ല ഉണ്ണിയേട്ടാ ... ഉണ്ണിയേട്ടൻ വിഷമിക്കാതിരിക്കൂ....ചങ്കിൽ കത്തി കുത്തി ഇറക്കിയ വേദന ഉണ്ടായെങ്കിലും ഇത്രയും ഞാൻ പറഞ്ഞു ഒപ്പിച്ചു ഫോൺ വച്ചു.
 ഇത് ഇനി വീട്ടുകാരെ എങ്ങനെ ബോധിപ്പിക്കും, ഏതൊരു മാതാപിതാക്കളെ പോലെ അവരും ആഗ്രഹിച്ചുകാണില്ലേ,....എന്തായാലും ഇനി നാളെയാവട്ടെ. അവർ രാവിലെ കൊരട്ടിയിലെ നിന്നും തിരൂർക്ക് യാത്ര തിരിച്ചു, ഇടയ്ക്കിടെ ഉണ്ണിയേട്ടൻ വിളിക്കുന്നുണ്ട്.അന്ന് എനിക്ക് ഒരു കാര്യം മനസിലായി ഉണ്ണിയേട്ടൻ ശരിക്കും പച്ച പാവമാണെന്നു, പിന്നീട് വിളിക്കുമ്പോൾ എല്ലാം കരച്ചിൽ വരെ എത്തി നിന്നിരുന്നു ഉണ്ണിയേട്ടന്റെ ശബ്ദം,

No comments:

Post a Comment